കൊല്‍ക്കത്ത:  പശ്ചിമബംഗാളില്‍ ഭര്‍ത്താവിനെ ആക്രമിച്ച് നാല്‍പ്പത്തിയൊന്നുകാരിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ മോഷണം. പശ്ചിമബംഗാളിലെ 24 പര്‍ഗനാസിലാണ് സംഭവം. കവര്‍ച്ചക്കെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ദമ്പതികളെ ആക്രമിച്ചത്.

അലി ഹസ്സന്‍ മൊല്ലയെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്. വടികളും ദണ്ഡുകളുമായെത്തിയവര്‍ മൊല്ലയെ ആക്രമിക്കുകയും ഭാര്യയെ ആക്രമിച്ചുകൊല്ലുകയുമായിരുന്നു. 14 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് മൊല്ല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

മൊല്ലയുടെ അയല്‍വാസികള്‍ തന്നെയാണ ഇയാളെ ആക്രമിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഗുരുതര പരിക്കേറ്റ മൊല്ലയുടെ ഭാര്യ സുഫിയ ബിബിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.