അഞ്ച് ജില്ലകളിലായി ആയിരത്തിലേറെ സിസിടിവികൾ അരിച്ച് പെറുക്കിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്

ഹത്രാസ്: വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയ അറുപതുകാരിയെ കൊലപ്പെടുത്തിയ 45കാരൻ പിടിയിലായി. നവംബർ 14ന് ഉത്തർ പ്രദേശിലെ ഹത്രാസിലെ ചന്ദപ്പയിൽ വഴിയരികിൽ അറുപതുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ട സംഭവത്തിലാണ് 45കാരൻ അറസ്റ്റിലായത്. പത്ത് പ്രത്യേക സംഘമായി തിരഞ്ഞുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ജോഷിന എന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. അഞ്ച് ജില്ലകളിലായി ആയിരത്തിലേറെ സിസിടിവികൾ അരിച്ച് പെറുക്കിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആഗ്രിലെ താജ്ഗഞ്ച് സ്വദേശിയായ 45കാരനായ ഇമ്രാൻ. ഹത്രാസിൽ നിന്ന് ഞായറാഴ്ചയാണ് ഇമ്രാനെ പൊലീസ് പിടികൂടിയത്. കൊലപ്പെട്ട 60കാരിയുടെ മൊബൈൽ ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അഞ്ച് ജില്ല, പത്ത് സംഘം, അരിച്ച് പെറുക്കിയത് ആയിരം സിസിടിവികൾ 

പശ്ചിമബംഗാള്‍ സ്വദേശിയായ ജോഷിനയുടെ മകള്‍ മുംതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താര്‍ എന്നയാളുമായി ഏർപ്പെടുത്തിക്കൊടുത്തത് ഇമ്രാന്‍ ആയിരുന്നുവെന്നാണ് എസ്പി ചിരഞ്ജീവ് നാഥ് സിന്‍ഹ വിശദമാക്കിയത്. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കള്‍ പശ്ചിമബംഗാളില്‍ ജോഷിനയുടെ അയല്‍വാസികളായിരുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മില്‍ അടുപ്പത്തിലായി. നവംബര്‍ പത്താംതീയതി കൊച്ചുമകളായ മുംതാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജോഷിന യുപിയിലെത്തി. ഈ സമയത്ത് ഇമ്രാന്റെ വീട്ടിലെത്തിയ ജോഷിന തന്നെ വിവാഹം ചെയ്യണമെന്ന് ഇമ്രാനെ നിര്‍ബന്ധിച്ചു. എന്നാല്‍, ഭാര്യയും മക്കളുമുള്ളതിനാൽ ഈ ആവശ്യം ഇമ്രാന്‍ നിരസിച്ചു.

പിന്നീട് നവംബര്‍ 13-ന് കൊല്‍ക്കത്തയില്‍ തിരിച്ചുകൊണ്ടുവിടാമെന്ന് പറഞ്ഞ് ജോഷിനയ്‌ക്കൊപ്പം ഇമ്രാനും പുറപ്പെട്ടു. ജോഷിനയ്ക്കൊപ്പം ഇമ്രാൻ ഹാഥ്‌റസിലെ നഗ്‌ല ഭസ് ജങ്ഷനിലിറങ്ങി. ഇവിടെ വച്ച് ജോഷിനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച് ഇമ്രാൻ കടന്നുകളയുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം