ദില്ലി: അച്ഛനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി മകളെ വിവാഹം കഴിക്കാന്‍ സമ്മതിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉത്തർപ്രദേശ് സ്വദേശിയായ സഞ്ജു എന്ന 24 കാരനാണ് പിടിയിലായത്. നല്ലവനെന്ന് പറയിപ്പിക്കാനാണ് യുവാവ് പിതാവിനെ തട്ടിക്കൊണ്ടു പോയത്. ദ്വാരകയില്‍ ഒരു ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തട്ടിക്കൊണ്ടു പോയത്. 

തുടര്‍ന്ന് പിതാവിനെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് പെണ്‍കുട്ടിയോട് യുവാവിനെ വിവാഹം ചെയ്യണമെന്ന് പറയിപ്പിച്ചു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവാവിനെ മഥുരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയാണ് യുവാവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. സഞ്ജുവിനെ അറിയാമെന്നും പിതാവിനെ തട്ടിക്കൊണ്ടു പോയതാണെന്നും പെണ്‍കുട്ടി പൊലീസിന് മുന്നില്‍ മൊഴി നല്‍കുകയായിരുന്നു. 

പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിക്കാതിരുന്നത് പിതാവാണെന്നും അതിനാല്‍ പിതാവിനെക്കൊണ്ടു സമ്മതിപ്പിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.