നാലുവയസുകാരനെ തട്ടികൊണ്ടു പോയി വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത് കടം നൽകിയ തുക തിരികെ നൽകാത്തതിനാലെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.
കന്യാകുമാരി: നാലുവയസുകാരനെ തട്ടികൊണ്ടു പോയി വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത് കടം നൽകിയ തുക തിരികെ നൽകാത്തതിനാലെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. കന്യാകുമാരി ആരോഗ്യപുരം സ്വദേശി ആരോഗ്യ കെവിൻ രാജിന്റെ മകൻ റെയ്നയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവും നാട്ടുകാരനുമായ അന്തോണി സ്വമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരോഗ്യപുരത്തിന് സമീപമുള്ള പുരയിടത്തിലെ സിമന്റ് ടാങ്കിലാണ് റെയ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കെവിൻ രാജ്, അന്തോണി സ്വാമിയിൽ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. തുക തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് ഇരുവരും പലപ്പോഴും വാക്കുതർക്കമുണ്ടായി. സംഭവ ദിവസവും ഇതേ ചൊല്ലി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന റെയ്നയെ കാണാതാവുകയായിരുന്നു. താൻ വിളിച്ചാൽ റെയ്ന വരില്ലെന്ന് മനസ്സിലാക്കിയ അന്തോണി തന്റെ മകന്റെ സഹായത്തോടെയാണ് കുട്ടിയെ കൂട്ടികൊണ്ടു പോയത്. എന്നാൽ ഇതിനിടെ കെവിൻ രാജ് പൊലീസിൽ പരാതി നൽകുകയും പൊലീസ്‍ അന്തോണിയുമായി ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു.
ഇതിൽ കുപിതനായ അന്തോണി റെയ്നയെ ടാങ്കിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്തോണിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
