ചിക്കമംഗളൂരു: പെൺകുഞ്ഞ് ഉണ്ടായതിൽ നിരാശനായ പിതാവ് ഒരുമാസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിൽ മഞ്ചുനാഥ് എന്നയാളാണ് മകളെ കൊലപ്പെടുത്തിയത്.  

പെൺകുഞ്ഞുണ്ടായതിനെ തുടർന്ന് മഞ്ചുനാഥ് എന്നും ഭാര്യയോട് വഴക്കിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം ഇയാൾ ഒരു ജോത്സ്യനെ സമീപിക്കുകയും നല്ല ഭാവി ഉണ്ടാകണമെങ്കിൽ കുഞ്ഞിനെ കൊന്നുകളായാനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചുനാഥ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ജോലി ചെയ്യവേയാണ് മഞ്ചുനാഥ് കൃത്യം നടത്തിയത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഞ്ചുനാഥ്  ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. പിന്നീട് ഭാര്യ വന്ന് നോക്കിയപ്പോൾ മൂക്കിൽ നിന്നും ചോരവന്ന് ശ്വാസമില്ലാതെ കിടക്കുന്ന കുഞ്ഞിനെയായിരുന്നു കണ്ടത്.

പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടർ പൊലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശം നൽകി. ഇതോടെ ഭാര്യ മഞ്ചുനാഥിനെതിരെ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മഞ്ചുനാഥ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.