കൊൽക്കത്ത: മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന് പിതാവ്. കൊൽക്കത്തയിലെ ശ്യാംപുകൂരിലാണ് സംഭവം നടന്നത്. സിര്‍ഷേന്ദ് മാലിക്കാണ്(45) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പിതാവ് ബാന്‍ഷിദര്‍ മാലിക്(78) പൊലീസില്‍ കീഴടങ്ങി. 

ശനിയാഴ്ച വൈകിട്ട് ഏഴ്മണിയോടെ സംഭവം. സിര്‍ഷേന്ദിനെ കൊലപ്പെടുത്തിയതിന് ശേഷം മാലിക്ക് ബാന്‍ഷിദര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. മകനുമായി വാക്കുതർക്കം ഉണ്ടായെന്നും ഇതിൽ ക്ഷുഭിതനായ താൻ ഒരു തുണി ഉപയോഗിച്ച് സിര്‍ഷേന്ദിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മാലിക് പൊലീസിൽ മൊഴി നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സിര്‍ഷേന്ദും മാലിക്കും തമ്മിൽ ഇടയ്ക്ക് വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ലേക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മകൻ വീടിന് പുറത്തുപോകാറുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന ആവശ്യം സിര്‍ഷേന്ദ് അനുസരിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് പറയുന്നു.