ദില്ലി: ഭാര്യയേയും മരുമകളെയും കുത്തികൊലപ്പെടുത്തിയ മുൻ അധ്യാപകൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ദില്ലിയിലാണ് സംഭവം. സതീഷ് ചൗധരി(62)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് സതീഷ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ദില്ലിയിലെ രോഹിണിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യ സ്‌നേഹലത ചൗധരിയും മരുമകള്‍ പ്രഗ്യാ ചൗധരിയുമാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ ഇളയ മകൻ സൗരഭ് പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അച്ഛൻ ഇരുവരെയും കുത്തികൊലപ്പെടുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടിയിൽ സൗരഭിനും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സ്‌നേഹലതയേയും പ്ര​ഗ്യയേയുമാണ് കണ്ടത്. വിജയ വിഹാർ പൊലീസാണ് ​ഗൗരവ് ചൗധരിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.