മുംബൈ: ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഭര്‍ത്താവ് സൂക്ഷിച്ചത് രണ്ടുദിവസം. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് രക്ഷപെടുത്തി. മുംബൈയിലാണ് സംഭവം. സഞ്ജയ്കുമാര്‍ പദിഹേരിയും സുമനും വിവാഹിതരായിട്ട്  11 മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. സഞ്ജയ്കുമാറിന്‍റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.തുണിക്കടയിലെ ജോലിക്കാരനായിരുന്നു സഞ്ജയ്കുമാര്‍. മേയ് 19 ന് ജോലികഴിഞ്ഞെത്തിയ തന്നെോട് ഭാര്യ വഴക്കിട്ടതായും പെട്ടന്നുണ്ടായ ദേഷ്യത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സഞ്ജയ് പൊലീസിനോട് പറഞ്ഞു.

മേയ് 21 നാണ് സംഭവം പൊലീസറിയുന്നത്. സമീപത്തെ വീട്ടില്‍ നിന്നും ചീഞ്ഞ മണം വരുന്നതായി അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് വീട്ടിനുള്ളില്‍ പ്രവേശിച്ചു. യുവതി മരിച്ച നിലയില്‍ കട്ടിലിലും അബോധാവസ്ഥയില്‍ സഞ്ജയ് താഴെയും കിടക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ആദ്യം സഞ്ജയ് കുറ്റം സമ്മതിച്ചിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ രാവിലെ വിളിച്ചെങ്കിലും അവര്‍ എണീറ്റില്ല. പിന്നാലെ താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സഞ്ജയ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി.ഇതോടെ സഞ്ജയ് കുറ്റം സമ്മതിക്കുകയായിരുന്നു.