ചെന്നൈ: ജോലി ഭാരവും മാനേജരുടെ മാനസിക പീഡനവും ആരോപിച്ച് ചെന്നൈയില്‍ 43കാരന്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. അണ്ണാ സാലൈയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ എട്ടാം നിലയില്‍ നിന്നാണ് പ്രഭാകരന്‍ ചാടി ജീവനൊടുക്കിയത്. മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിക്കുന്ന വീഡിയോ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ഇയാള്‍ മരണത്തിലേക്ക് ചാടിയത്.

അണ്ണാ സാലൈയിലുള്ള മ്യൂച്ചല്‍ ഫണ്ട് ട്രാന്‍സ്‌ഫര്‍ ഏജന്‍സിയില്‍ ഡപ്യൂട്ടി മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രഭാകരന്‍. എട്ടാം നിലയില്‍ നിന്ന് താഴേ‌ച്ച് ചാടിയ ഇയാള്‍ രണ്ടും നിലയിലുള്ള കാന്‍റീനിന് മുകളിലേക്കാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് തന്നെയെത്തിച്ചത് മാനേജറായ സെന്തിലാണ് എന്ന് ആത്മഹത്യക്ക് മിനുറ്റുകള്‍ മാത്രം മുമ്പ് റെക്കോര്‍ഡ് ചെയ്‌ത 28 സെക്കന്‍റ് വീഡിയോയില്‍ പ്രഭാകരന്‍ പറയുന്നു. 'സെന്തില്‍ മാനസികമായി പീഡിപ്പിക്കുന്നതായി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല. അയാളുടെ പീഡനം കാരണം തനിക്ക് കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ കഴിഞ്ഞിരുന്നില്ല' എന്നും പ്രഭാകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.  

പ്രഭാകരന്‍റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് സെന്തിലിനെ(45) അറസ്റ്റ് ചെയ്‌തു. ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചെന്നൈയില്‍ ഭാര്യക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പമായിരുന്നു പ്രഭാകരന്‍ താമസിച്ചിരുന്നത്. 

ഫ്രാന്‍സില്‍ പൈശാചികമായ രീതിയില്‍ കുതിരകള്‍ കൊല്ലപ്പെടുന്നു; സാത്താന്‍ സേവയെന്ന് സംശയം