Asianet News MalayalamAsianet News Malayalam

ഫ്രാന്‍സില്‍ പൈശാചികമായ രീതിയില്‍ കുതിരകള്‍ കൊല്ലപ്പെടുന്നു; സാത്താന്‍ സേവയെന്ന് സംശയം

ഒരാഴ്ചയ്ക്കുള്ളിലാണ് ഫ്രാന്‍സിന്‍റെ വിവിധ ഇടങ്ങളില്‍ കുതിരകള്‍ കൊല്ലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായത്. കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നേരിട്ടാണ് കുതിരകള്‍ ചത്തിരിക്കുന്നത്. 

France Man arrested after horses killed in mysterious ritual-like mutilations
Author
Paris, First Published Sep 10, 2020, 12:38 PM IST

പാരീസ്: ഫ്രാന്‍സില്‍ വിവിധയിടങ്ങളില്‍ 30 ഓളം കുതിരകള്‍ ഭീരകമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് നടപടികളുമായി ഫ്രഞ്ച് പൊലീസ്. കൂടുതല്‍ പൊലീസുകാരെ സംഭവത്തിന് ശേഷം രാത്രി പരിശോധനകള്‍ക്ക് നിയോഗിച്ചുവെന്നാണ് ഫ്രഞ്ച് അഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡെര്‍മാനിന്‍ പറയുന്നത്. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് 50 വയസുള്ള ഒരാളെ കിഴക്കന്‍ ഫ്രാന്‍സിലെ ഹോട്ടു റെഹ്ന എന്ന സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ നിരപരാധിയാണ് എന്ന് കണ്ട് വിട്ടയച്ചു.

ഒരാഴ്ചയ്ക്കുള്ളിലാണ് ഫ്രാന്‍സിന്‍റെ വിവിധ ഇടങ്ങളില്‍ കുതിരകള്‍ കൊല്ലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായത്. കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നേരിട്ടാണ് കുതിരകള്‍ ചത്തിരിക്കുന്നത്. കൂടാതെ ചത്ത കുതിരകളുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെവിയും മറ്റ് അവയവങ്ങളുമൊക്കെ മുറിച്ചു മാറ്റിയ നിലയിലുമാണ്. 

ചിലതിന്റെ രക്തം മുഴുവന്‍ ഊറ്റിയെടുത്ത നിലയിലുമാണ്. ചില കുതിരകളെ ജീവനോടെ കണ്ടെത്തിയെങ്കിലും അവയവങ്ങള്‍ ഛേദിച്ച നിലയിലാണുള്ളത്. ഇതിനെ തുടര്‍ന്ന് സാധാരണ ജനങ്ങളും ഏറെ ഭയത്തിലാണ്. ഇതിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് പൊലീസ്.

സംഭവം വ്യാപകമായതോടെ കുതിരകളെ വളര്‍ത്തുന്നവര്‍ നൈറ്റ് വിഷന്‍ ക്യാമറകള്‍ വീടിന് ചുറ്റും സ്ഥാപിച്ചിരിക്കുകയാണ്. സാധാരണ നിരീക്ഷണത്തിന് പുറമേ പൊലീസ് നായകളെയും, ഹെലികോപ്ടര്‍, ഡ്രോണ്‍ തുടങ്ങിയ സംവിധാനങ്ങളും നിരീക്ഷണത്തിനായി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുതിരകള്‍ അതിദാരുണമായി കൊല്ലപ്പെട്ടതോ, അവയവങ്ങള്‍ ഛേദിക്കപ്പെട്ടതോ ആയ 153 കേസുകളാണ് നിലവില്‍ ഫ്രാന്‍സിലുള്ളത്.

ഫെബ്രുവരിയിലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി കൊല്ലപ്പെടുന്ന കുതിരകളുടെ എണ്ണം കൂടിവന്നതോടെയാണ് സംഭവത്തെ ഫ്രഞ്ച് ഭരണകൂടം അതീവ ഗൗരവപരമായി പരിഗണിച്ച്‌ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടത്. ഫ്രാന്‍സിലെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചല്ല കുതിരകള്‍ക്ക് നേരെ പൈശാചികമായ ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് എന്നതാണ് സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നത്. 

ജൂറാ പര്‍വതനിരകള്‍ മുതല്‍ അറ്റ്‌ലാന്റിക് തീരപ്രദേശങ്ങള്‍ വരെയുള്ള രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്കന്‍ പ്രദേശങ്ങളിലെല്ലാം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഒരു വലിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കുതിരകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്ന് പൊലീസ് പറയുന്നു. 

സാത്താന്‍ സേവ നടത്തുന്നതിന് വേണ്ടിയാണ് ഈ ക്രൂരതയെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.

Follow Us:
Download App:
  • android
  • ios