ജയ്‌സാല്‍മീര്‍: യുവാവിനെ ഭാര്യയും അച്ഛനും കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ അസ്‌കന്ദ്ര ഗ്രാമത്തിലാണ് സംഭവം. ഷോക്കടിപ്പിച്ചാണ് ഇവര്‍ യുവാവിനെ കൊലപ്പെടുത്തിയത്. ഹീരലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മുകേഷ് കുമാര്‍, ഭാര്യ പാര്‍ലി എന്നിവര്‍ അറസ്റ്റിലായി. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

15 ദിവസം മുമ്പാണ് സംഭവം. നാരാങ്ങ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി മയക്കി ഉറക്കിയ ശേഷം രാത്രിയില്‍ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. പിറ്റേ ദിവസം മൃതദേഹം സംസ്‌കരിച്ചു. ഇളയ സഹോദരന്‍ ഭോംരാജാണ് മെയ് ആറിന് പരാതി നല്‍കിയത്. മൃതദേഹത്തില്‍ പൊള്ളിയ പാട് കണ്ടതാണ് സംശയമായത്. പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി കൊലപാതകമാണെന്ന് തെളിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ഭാര്യയും കൂടെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. തൊഴില്‍ രഹിതനായ ഹീരാലാല്‍ സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് ഭര്‍തൃപിതാവുമായി അടുക്കാനുള്ള കാരണമെന്നും പാര്‍ലി പൊലീസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona