Asianet News MalayalamAsianet News Malayalam

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് മകന്‍, അറസ്റ്റ്

വീട്ടില്‍നിന്ന് ദേഷ്യത്തില്‍ ഇറങ്ങിപ്പോയ മകന്‍ കന്നാസില്‍ മൂന്നു ലിറ്റര്‍ പെട്രോളുമായാണ് രാത്രി തിരിച്ചെത്തിയത്

Man Pours Petrol on Sleeping Mother, Set Her on Fire for Refusing to Give Money to Buy Liquor in Anantapur, Held
Author
First Published Sep 20, 2023, 1:46 PM IST

അമരാവതി:  മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ മകനെ അനന്ത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കംബദുരു ഗ്രാമത്തിലാണ് ദാരുണായ സംഭവം. സുജാത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കംബദുരു സ്വദേശിയായ പ്രണീതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് ഇയാള്‍ അടിമപ്പെട്ടിരുന്നതായി ഡിവൈ എസ് പി ബി. ശ്രീനിവാസലു പറഞ്ഞു. സംഭവം നടന്ന ദിവസം സുജാതയുമായി മകന്‍ പ്രണീത് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

മദ്യം വാങ്ങാന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും സുജാത നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിയായി. ഇതിനുശേഷം വീട്ടില്‍നിന്ന് ദേഷ്യത്തില്‍ ഇറങ്ങിപ്പോയ പ്രണീത് കന്നാസില്‍ മൂന്നു ലിറ്റര്‍ പെട്രോളുമായാണ് രാത്രി തിരിച്ചെത്തിയത്. പ്രണീത് വീട്ടിലെത്തിയപ്പോള്‍ സുജാത ഉറക്കത്തിലായിരുന്നു. മുറിയിലെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന സുജാതയുടെ ശരീരത്തിലേക്ക് പ്രണീത് പെട്രോളൊഴിച്ചു. തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുജാത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ കല്യാണ്‍ദുര്‍ഗ് പോലീസ് ആണ് കേസെടുത്തത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. അമ്മയെ കൊലപ്പെടുത്തിയശേഷം പ്രണീത് സ്ഥലം വിടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.


ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്ത് വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നിരുന്നു. 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽവെച്ച് രാത്രിയാണ് മകൻ കൊലപാതകം നടത്തിയത്. ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പിന്നീട് കഴുത്ത് മുറിക്കുകയും കൈകാലുകൾ വെട്ടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios