സംസാരിക്കുന്നതിനിടെ രഘുനാഥൻ തോക്കെടുത്ത് സഹോദരനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഹോട്ടൽ ജീവനക്കാരും പൊലീസും ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊടുങ്ങല്ലൂർ: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി രഘു നാഥനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിനാൽ ആയുധ നിയമ പ്രകാരവും ഇയാലെ ശിക്ഷിച്ചിട്ടുണ്ട്. 2012 സെപ്തംബർ 3 ന് ആണ് കേസിനാസ്പദമായ സംഭവം.രഘുനാഥനും ഇളയ സഹോദരൻ ബാബുവും ബിസിനസ് പങ്കാളികളായിരുന്നു. 

ഇവർ തമ്മിലുള്ള സ്വത്ത് തർക്കം മാസങ്ങളായി അവസാനിക്കാത്തതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ മധ്യസ്ഥതതയിൽ പ്രശ്നം പരിഹരിക്കാനാണ് കൊടുങ്ങല്ലൂർ ശാന്തിപുരത്തെ സ്വകാര്യ ഹോട്ടലിൽ മദ്യസ്ഥ ചർച്ചക്ക് ഒത്തുകൂടി. സംസാരിക്കുന്നതിനിടെ രഘുനാഥൻ തോക്കെടുത്ത് സഹോദരനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഹോട്ടൽ ജീവനക്കാരും പൊലീസും ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പഞ്ചായത്ത് പ്രസിഡന്‍റ് ഇ വി രമേശനും രഘുനാഥന്‍റെ മറ്റൊരു സഹോദരനായ കാർത്തികേയനുമാണ് സംഭവത്തിലെ ദൃക്സാക്ഷികൾ. അബദ്ധത്തിൽ വെടിയുതിർത്തതാണെന്ന പ്രതിഭാഗത്തിന്‍റെ ഭാഗം തള്ളിയ കോടതി വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചു. പിഴ തുകയായ രണ്ട് ലക്ഷം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപ ബാബുവിന്‍റെ ഭാര്യ പ്രീതിക്ക് നൽകാനും കോടതി നിർദേശിച്ചു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ബാബുവിനെ ആറ് മാസത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.