ബെംഗളൂരു: ബെം​ഗളൂരുവിൽ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് നാൽപ്പതുകാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ബെംഗളൂരു കാഡുഗൊഡിയ്ക്കു സമീപമുള്ള കേതനായകനഹള്ളിയിലാണ് സംഭവം. കാഡുഗൊഡി സ്വദേശി ധർമ്മേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ രണ്ടാം ഭാര്യ ശില്പ, കാമുകൻ അഞ്ജിനപ്പ, സഹായികളായ കാന്തരാജു, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാറിൽ കിടന്നുറങ്ങുന്ന സമയത്താണ് പ്രതികൾ ചേർന്ന് ധർമ്മേന്ദ്രയെ തീകൊളുത്തി കൊന്നത്. ധർമ്മേന്ദ്രയെ കൊല്ലാൻ പദ്ധതിയിട്ട സംഘം പിന്തുടർന്ന് അയാളുടെ നീക്കം നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെ ധർമ്മേന്ദ്ര കാറിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം അഞ്ച് ലിറ്റർ പെട്രോൾ വാങ്ങി കാറിനു പുറത്ത് ഒഴിച്ച് തീകൊളുത്തി കടന്നുകളയുകയായിരുന്നു. ധർമ്മേന്ദ്ര മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടതെന്നും പൊലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ കാറിന്റെ രജിസ്ട്രേഷൻ നമ്പറും ധർമ്മേന്ദ്രയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ശില്പ കുറ്റം സമ്മതിച്ചു. വളരെ നാളുകളായി ശില്പയും ധർമ്മേന്ദ്രയും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ അഞ്ജനപ്പയുമായുള്ള ശില്പയുടെ ബന്ധമറിഞ്ഞ ധർമ്മേന്ദ്ര അത് വിലക്കുകയും നിരന്തരം വീട്ടിലെത്തി യുവതിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ധർമ്മേന്ദ്രയുടെ ശല്യം ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട ധർമ്മേന്ദ്രയുടെ പേരിൽ കാഡുഗൊഡി പൊലീസ് സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.