ലക്നൗ:  ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അവരുടെ സ്വകാര്യ ഭാ​ഗം അലുമിനിയം നൂലുകൊണ്ട് തുന്നിക്കട്ടിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപു‍ർ ജില്ലയിലെ മിലാക്കിലാണ് സംഭവം. 

ചാരിത്ര പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഡ്രൈവറായ ഭ‍ർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടു. ഇതിന് സ്ത്രീ സമ്മതിച്ചതോടെ ഇയാൾ സ്ത്രീയുടെ കൈകാലുകൾ കൂട്ടിക്കെട്ടുകയും അലുമിനിയം നൂല് ഉപയോ​ഗിച്ച് സ്വകാര്യ ഭാ​ഗം തുന്നിക്കെട്ടുകയുമായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇവരെ ഉപേക്ഷിച്ച് ഇയാൾ മുങ്ങി. 

തൊട്ടടുത്ത ​ഗ്രാമത്തിലുള്ള തന്റെ അമ്മയെ 24കാരിയായ യുവതി വിവരമറിയിച്ചു. അമ്മ എത്തുകയും മകളെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവതിയുടെ അമ്മ മരുമകനെതിരെ പൊലീസിൽ പരാതി നൽകി. 

പൊലീസിന്റെ നിർദ്ദേശപ്രകാരം ഡോക്ടർമാർ യുവതിയെ പരിശോധിച്ചു. പീഡനം നടന്നതായി ഡോക്ടർ വ്യക്തമാക്കി. ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

'' ഒരു കാരണവുമില്ലാതെ ഭ‍ർത്താവെന്നെ മർദ്ദിക്കാറുണ്ട്. എനിക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് അയാൾ സംശയിക്കുന്നത്. എന്റെ സത്യസന്ധത തെളിയിക്കാൻ ആവശ്യപ്പെടുമായിരുന്നു. ഇത്തരമൊരു പ്രവർത്തി ചെയ്യുമെന്ന് ഞാൻ ഒരിക്കൽപോലും കരുതിയില്ല.'' - യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിലും പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ മരിച്ചു.