ന്യൂ ഡൽഹി : ബവാന ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്ന അറുപതുവയസ്സുകാരിയായ ബാലാ ദേവി എന്ന വീട്ടമ്മ വെടിയേറ്റുമരിച്ചു. രാത്രിയിൽ അത്താഴം വിളമ്പിക്കൊടുക്കാൻ വൈകി എന്നതിന്റെ പേരിൽ  സ്വന്തം മകൻ സൂരജ് തന്നെയാണ് അവരെ വെടിവെച്ചു കൊന്നുകളഞ്ഞത്. ഇന്നലെ വൈകുന്നേരം മൂക്കറ്റം കുടിച്ച്, കാലുറയ്ക്കാതെ വന്നുകയറിയ സൂരജ് അമ്മയോട് അത്താഴം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ, മകൻ മദ്യപിച്ചെത്തിയതിൽ ക്ഷുഭിതയായി അമ്മ, 'ലക്കുകെട്ട് കയറി വരുന്നവർക്ക് അത്താഴം വിളമ്പാൻ' തനിക്ക് സൗകര്യമില്ല എന്നറിയിച്ചതോടെ അവർ തമ്മിൽ കാര്യമായ വാഗ്വാദങ്ങൾ നടന്നു. 

മകനുമായി ആദ്യം തർക്കിച്ചു എങ്കിലും, അൽപനേരം കഴിഞ്ഞപ്പോൾ കോപം അടങ്ങിയ അവർ മകനെ വിളിച്ചിരുത്തി അത്താഴം വിളമ്പി നൽകി. എന്നാൽ, അത്താഴം കഴിച്ചുകൊണ്ടിരിക്കെ വീണ്ടും അവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, പെട്ടെന്നുണ്ടായ കോപത്തിന് അയാൾ അരയിൽ നിന്ന് തോക്ക് വലിച്ചൂരി സ്വന്തം അമ്മയെത്തന്നെ വെടിവെച്ചു കൊല്ലുകയുമാണ് ഉണ്ടായത്. 

വെടിയൊച്ച കേട്ട്  ഓടിയെത്തിയ അയൽക്കാർ കണ്ടത് ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്ന ബാലാദേവിയെയും തൊട്ടരികിൽ തോക്കുമായി നിൽക്കുന്ന മകനെയുമാണ്. സൂരജിനെ മർദ്ദിച്ച്‌ അവശനാക്കിയ ശേഷമാണ് അയൽക്കാർ പോലീസിൽ ഏൽപ്പിച്ചത്. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ ഇതുപോലെ വലിയ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും, സ്വന്തം അമ്മയെ സൂരജ് വെടിവെച്ചു കൊല്ലുമെന്ന് അയൽക്കാർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. വിധവയായ ബാലാദേവിയുടെ ഒരേയൊരു മകനാണ് സൂരജ് എന്നതിനാൽ അവരുടെ അന്തിമകർമ്മങ്ങൾ ചെയ്യാൻ അനുവദിച്ച ശേഷമാകും അയാളെ റിമാൻഡ് ചെയ്യുക എന്ന് ലോക്കൽ പൊലീസ് അറിയിച്ചു.