റായ്പൂര്‍: ഛത്തീസ്ഗഡ്ഡിലെ രാജ് നന്ദ്ഗാവില്‍ പൊലീസ് ചാരനെന്ന് സംശയിച്ച് മാവോയിസ്റ്റുകള്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. റായ്പൂരില്‍ നിന്നും 170 കിലമീറ്റര്‍ അകലെ മന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുപ്പത് വയസുകാരനായ മഹേഷ് കച്ച്ലാമെ എന്നയാളെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.

രാജ് നന്ദ്ഗാവില്‍ പൊലീസും മാവോയിസ്റ്റുകളും നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്ന പ്രദേശത്താണ് സംഭവം. മഹേഷിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്നും വെടിയുണ്ടകളും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. ലഘുലേഖയില്‍ ഇയാള്‍ പൊലീസ് ചാരനാണെന്ന് ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ഈ ആരോപണം തള്ളിക്കളഞ്ഞു. 

കൊല്ലപ്പെട്ട മഹേഷ് കച്ച്ലാമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി രാജ്‌നന്ദ്‌ഗാവ് പൊലീസ് അറിയിച്ചു.