കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പിലിക്കോട് സ്ഥലം അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികനെ വെടിവെച്ചു കൊലപ്പെടുത്തി.  പിലിക്കോട് തെരു സ്വദേശി സുരേന്ദ്രൻ(65)  ആണ് കൊല്ലപ്പെട്ടത്. സ്ഥലം അതിർത്തിയുമായി ബന്ധപ്പെട്ട് അയൽവാസിയായ സനലും സുരേന്ദ്രനും തമ്മിൽ തർക്കം ഉണ്ടായിരുന്നു. 

വൈകുന്നേരം സുരേന്ദ്രൻ തൊടിയിലെ ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ സനൽ എതിർപ്പുമായെത്തി. വാക്കു തർക്കത്തിനിടെ കയ്യിൽ കരുതിയ എയർ ഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഇവിടെ നിന്നും രക്ഷപ്പെട്ട സനൽ പിന്നീട് ചീമേനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. വരുന്ന വഴിയിൽ പുഴയിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. നാളെ രാവിലെ ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷമേ സംഭവ സ്ഥലത്തു നിന്നും മൃതദേഹം മാറ്റുകയുള്ളൂ. പൊലീസ് സർജൻ എത്താൻ താമസിക്കുന്നതിനെ തുടർന്നാണിത്. പ്രദേശം പൊലീസ് സീൽ ചെയ്തു. സ്ഥലത്ത് കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.