ബുലന്ദ്ഷഹർ: ഇഫ്ത്താർ വിരുന്നിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ യുവാവ് വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഫൈസലാബാദിൽ വെള്ളിയാഴ്ചയാണ് സംഭവം. കേസിൽ സൽമാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.    

കുടുംബനാഥനായ മുഹമ്മദ് ഹാഫിസ് തന്റെ അടുത്ത ബന്ധുകൂടിയായ സൽമാനെ വീട്ടിൽ ഒരുക്കിയ ഇഫ്ത്താർ വിരുന്നിന് ക്ഷണിച്ചിരുന്നില്ല. ഇതിൽ കലിമൂത്ത സൽമാൻ ഹാഫിസിന്റെ കുടംബത്തിലെ മൂന്ന് കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കടത്തി കൊണ്ടുപോകുകയും വെടിവച്ച്  കൊലപ്പെടുത്തുകയുമായിരുന്നു. വെടിവച്ച് കൊന്നതിന് ശേഷം ഇയാൾ കുട്ടികളുടെ മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. 

പിന്നീട് കുട്ടികളെ കാണാതായതിനെ തുടർന്ന് ഹാഫിസ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ദാത്തുരി ​ഗ്രാമത്തിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഒമ്പതും 12 വയസുള്ള ആസ്മ, അനലീമ മാഹി ആലം, അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്എസ്പി അമർ ഉജ്ജ്വല പറഞ്ഞു. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വാടർ ടാങ്കിന്റെ പരിസരത്ത് വച്ച് കൊലനടന്നതിന്റെ അടയാളങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയ സ്ഥലത്തെത്തുകയും സൽമാനാണ് കൊലയാളിയെന്ന് തിരിച്ചറിയുകയുമായിരുന്നു. ബുലന്ദ്ഷഹറിലെ ജാലിപൂർ ​സ്വദേശിയാണ് സൽമാൻ.