പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു

ദില്ലി: കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ദില്ലിയിലെ ആനന്ദ് പർബത് പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ചാണ് കൊലപാതകം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആനന്ദ് പർബത് സ്വദേശിയായ ശൈലേന്ദ്രയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനാണ് ശൈലേന്ദ്ര. ഇയാള്‍ രവി എന്നയാളില്‍ നിന്നും 300 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട സമയത്ത് ശൈലേന്ദ്രയ്ക്ക് കൊടുക്കാനായില്ല. 

പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്ന് ശൈലേന്ദ്ര പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിക്കുകയായിരുന്നു.

Read More: ലഹരി മരുന്ന് ലഭിച്ചില്ല; കണ്ണൂര്‍ ജില്ലാ ജയിലില്‍ തടവുപുള്ളികള്‍ അക്രമാസക്തരായി, കൈ ഞരമ്പ് മുറിച്ചു

കൈയ്യിലിരുന്ന കത്തിയും ആയുധങ്ങളും ഉപയോഗിച്ച് പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.