കോയമ്പത്തൂര്‍: സിഗരറ്റ് കത്തിച്ചു നല്‍കാത്തതിന് 15 വയസ്സുകാരനെ അമ്മാവന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകന്‍ യോഗേഷിനാണ്  കുത്തേറ്റത്. വയറിന് കുത്തേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മാവനായ മണികണ്ഠനെ(43) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠന്റെ വീട്ടില്‍വെച്ചാണ് സംഭവമുണ്ടായത്. 

പത്താം ക്ലാസ് വിദ്യാര്‍ഥിയായ യോഗേഷിനോട് മണികണ്ഠന്‍ സിഗരറ്റ് കത്തിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യോഗേഷ് സിഗരറ്റ് കത്തിച്ച് നല്‍കിയില്ല. മാത്രമല്ല, തന്നോട് ഇങ്ങനെ ആവശ്യപ്പെടരുതെന്ന് പറഞ്ഞ് അമ്മാവനോട് കയര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മണികണ്ഠന്‍ സ്വന്തം അനന്തരവനെ കത്തി കൊണ്ട്  കുത്തിയത്.  

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് യോഗേഷിന്റെ പിതാവ് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ കഴിഞ്ഞ ഞാറാഴ്ച പൊലീസ് പ്രതിയായ അമ്മാവനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.