ബെംഗളൂരു: ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്. കർണാടകയിലെ കാമാക്ഷിപാല്യയിൽ തിങ്കളാഴ്ചയാണ് സംഭവം.

യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഞായറാഴ്ച രാത്രി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനും യുവതിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് വിനോദിനെ പറഞ്ഞ് മനസ്സിലാക്കാനുമായി ഇരുവരുടെയും മറ്റൊരു സുഹൃത്തായ നാഗരാജ് എന്നയാളെ പ്രദീപ് ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, വിനോദിനെ കാര്യങ്ങൾ പറഞ്ഞ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നാ​ഗരാജ് പ്രദീപിനെയും കൂട്ടി വീനോദിന്റെ വീട്ടിലെത്തി.

ഇവിടെവച്ച് വിനോദും പ്രദീപും തമ്മിൽ തർക്കത്തിലാകുകയും പ്രദീപിനെ കറി കത്തി ഉപയോ​ഗിച്ച് വിനോദ് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കാമാക്ഷിപല്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരനായ പ്രതി വിനോദ് കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.