വെല്ലിങ്ടണ്‍: നൂറുകിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി അടിവസ്ത്രം മോഷ്ടിച്ച പ്രതി പിടിയില്‍. ന്യൂസിലാന്‍ഡില്‍ നടന്ന സംഭവത്തില്‍  സ്റ്റീഫന്‍ ഗ്രഹാം എന്ന അറുപത്തിയഞ്ചുകാരനാണ് പൊലീസിന്‍റെ പിടിയിലായത്.

ഏപ്രിലിലാണ് ഇയാള്‍ യുവതികള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ അതിക്രമിച്ച് കയറിയത്. ആളില്ലാത്ത സമയത്ത് വീടിനുള്ളില്‍ കയറിയ ഇയാള്‍ എട്ട് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു. എന്നാല്‍ മോഷണശേഷം തിരികെ മടങ്ങുമ്പോള്‍ ഫ്ലാറ്റിലേക്ക് രണ്ട് യുവതികള്‍ തിരികെയെത്തി. ഇവരെ കണ്ട പ്രതി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ കയ്യില്‍ നിന്നും താഴെവീണ മോഷണ വ്‌സതുക്കളുടെയും വീടിന്റെ പൂട്ടുതുറക്കാനുപയോഗിച്ച ഉപകരണങ്ങളുടെയും സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 

അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാനല്ല ഇത്രയും ദൂരം യാത്ര ചെയ്തതെന്ന ആരോപണം ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് ഇത്തരമൊരു മോഷണത്തെ കുറിച്ച് തോന്നിയതെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍ ഇയാള്‍ ദിവസങ്ങളായി ഫ്ലാറ്റ് നിരീക്ഷിക്കുന്നുണ്ടെന്നും യുവതികള്‍ പുറഫത്തുപോയ സമയം നോക്കി മോഷണം നടത്തുകയായിരുന്നെന്നും കോടതി കണ്ടെത്തി. 

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുട്ടിക്കാലത്തുണ്ടായ ലൈഗിക പീഡനം മൂലമാകാം ഇയാളുടെ മനോനില തകരാറിലായതെന്ന വാദം കോടതി പരിഗണിച്ചെങ്കിലും ഇയാള്‍ക്ക് കോടതി ഒമ്പതുമാസം വീട്ടുതടങ്കലും 1000 ഡോളര്‍ പിഴയും വിധിച്ചു.