വടകരയില്‍ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം.

വടകര: വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമികള്‍ അകത്തും കയറും മുമ്പേ വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

വടകരയില്‍ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്പത്ത് പ്രവീണ്‍ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിത്ര പറഞ്ഞു. വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടക്കാന‍് സാധിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ വ്യക്തമാക്കി. 

പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ വേറേയും കേസുകളില്‍ പ്രതിയാണ്. സംഘം വീടിന്‍റെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും ഉപകരണങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് ചിത്ര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളാണ് നാലുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.