ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് 75 കാരിയെ ബലാത്സംഗം ചെയ്ത പ്രതി രമണനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കറ്റാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 75 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. വീടുവിട്ട് അലഞ്ഞുതിരിയുന്ന വൃദ്ധയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞാണ് പ്രതിയായ വെട്ടിക്കോട് സ്വദേശി രമണൻ  സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. മദ്യലഹരിയിൽ ഇയാൾ വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ഥലത്തെ ലോട്ടറി വിൽപ്പനക്കാരനാണ് അൻപതുകാരനായ ഇയാൾ. കടത്തിണ്ണയില്‍ വീണുകിടന്ന അവശനിലയിലായ വൃദ്ധയെക്കുറിച്ച് നാട്ടുകാര്‍ പൊലീസിലും പഞ്ചായത്തിലും വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധ നടത്തിയെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നില്ല.

എന്നാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന വൃദ്ധയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് വ്യക്തമായത്. വൃദ്ധ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും ഇവരെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ട ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വള്ളികുന്നം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയെ ഇയാളെ റിമാൻഡ് ചെയ്തു.