മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് ജെബശലീന്‍ ക്രൂരമായി കൊല്ലപ്പെട്ടത്.

ചെന്നൈ: ബാലവിവാഹം തടഞ്ഞ വൈരാഗ്യത്തിന് വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചെന്നൈയിലെ അയ്നാവരം സ്വദേശിയാണ് കൊല്ലപ്പെട്ട ജെബശീലന്‍. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് ജെബശലീന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ജെബശീലനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയെയും ഗുണ്ടകള്‍ ആക്രമിച്ചു. തന്‍റെ അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. പൊലീസിനൊപ്പം ജെബശലീനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ വരന്‍ ജെബശലീനെ കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന 21 കാരനായ വിനോദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന്‍റെ അന്ന് ജെബശീലനെ കൊല്ലാന്‍ വിനോദ് ആദ്യം പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.