Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാൾ പിടിയിൽ

കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാളെ പിടികൂടി പൊലീസ്. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൊയ്ദീൻ പള്ളിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആരോ ചാണകം കൊണ്ടു വന്ന് ഇട്ടതായി ശ്രദ്ധയിൽ പെടുന്നത്

Man who threw  cow dung at moideen mosque in Kannur arrested
Author
Kerala, First Published Jul 16, 2022, 8:55 PM IST

കണ്ണൂർ: കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാളെ പിടികൂടി പൊലീസ്. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൊയ്ദീൻ പള്ളിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആരോ ചാണകം കൊണ്ടു വന്ന് ഇട്ടതായി ശ്രദ്ധയിൽ പെടുന്നത്. വിശ്വാസികൾ നിസ്കരിക്കുന്ന സ്ഥലത്തും പ്രസംഗ പീഢത്തിന് സമീപത്തുമാണ് ചാണകം ഉണ്ടായിരുന്നത്. 

ഉടൻ തന്നെ പള്ളി കമ്മറ്റിക്കാരും വിശ്വാസികളും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരടക്കം നിരവധി പേർ പള്ളിയിലെത്തുകയും ചെയ്തു. സംഭവമറിഞ്ഞയുടനെ ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അടക്കമുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസിന് പ്രതിയെ പിടികൂടാനായി. 

പാപ്പിനിശ്ശേരി സ്വദേശിയായ നസീറിന്റെ മകൻ ദസ്തക്കീർ എന്ന 52 കാരനാണ് പൊലീസ് പിടിയിലായത്. ഇരിണാവ് ഡാമിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും 75 ഓളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസിന് പ്രതിയെ കണ്ടെത്താനായത്.

അല്ലാഹുവിൽ വലിയ വിശ്വാസം ഉണ്ടായിട്ടും സാമ്പത്തികമായി ഒന്നും നേടാൻ കഴിയാത്തതിലെ പ്രയാസമാണ് ചാണകമെറിഞ്ഞ് പ്രതിഷേധിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ചാണകമെറിഞ്ഞതോടെ അല്ലാഹു നേർവഴി കാണിച്ച് തരുമെന്ന് വിശ്വസിക്കുന്നതായും ദസ്തക്കീർ പൊലീസിനോട് പറഞ്ഞു. 

Read more: തിരുവനന്തപുരത്ത് വാടകവീട്ടിൽ സൂക്ഷിച്ചത് 200 കിലോ കഞ്ചാവ്; യുവാവ് പൊലീസ് വലയിൽ

ഒരു വർഷം മുൻപ് ഇതേ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ, പള്ളിയിൽ ഉണ്ടായിരുന്ന ഒരാൾ, പ്രാർത്ഥിക്കാൻ കൂടുതൽ സമയം എടുത്തത് ചോദ്യം ചെയ്തതിലും ദസ്തക്കീറിന് ദേഷ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. വിദഗ്ദ പരിശോധനക്ക് ശേഷമേ അക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Read more: അയൽവാസി വീട്ടിൽ സ്ഥിരം സന്ദർശക, ആഭരണം നഷ്ടപ്പെട്ടപ്പോഴും സംശയിച്ചില്ല, ഒടുവിൽ പിടിയിൽ

Follow Us:
Download App:
  • android
  • ios