Asianet News MalayalamAsianet News Malayalam

അയൽവാസി വീട്ടിൽ സ്ഥിരം സന്ദർശക, ആഭരണം നഷ്ടപ്പെട്ടപ്പോഴും സംശയിച്ചില്ല, ഒടുവിൽ പിടിയിൽ

പരാതിക്കാരിയായ വീട്ടമ്മ സ്വർണ്ണാഭരണങ്ങൾ പെട്ടിയിലാക്കി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി ഇവരുടെ വീട്ടിൽ നിത്യസന്ദർശകയായിരുന്നു.

Woman theft gold from neighbor's house  in Malappuram
Author
Malappuram, First Published Jul 16, 2022, 4:32 PM IST

മലപ്പുറം: അമരമ്പലത്ത് അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അയൽവാസിയായ യുവതി പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മോഷണ കഥ. അമരമ്പലം കരുനെച്ചി സ്വദേശിനി ചെറളക്കാടൻ ശ്യാമയെ ആണ് (22) പൂക്കോട്ടും പാടം പൊലീസ് ഇൻസ്‌പെക്ടർ സി എൻ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മെയ് 14നാണ് കേസിനാസ്പദമായ സംഭവം. 

പരാതിക്കാരിയായ വീട്ടമ്മ സ്വർണ്ണാഭരണങ്ങൾ പെട്ടിയിലാക്കി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി ഇവരുടെ വീട്ടിൽ നിത്യസന്ദർശകയായിരുന്നു. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കിയ പ്രതി പിന്നീട് വീട്ടിൽ ആളില്ലാത്ത സമയം നോക്കി തന്ത്രപൂർവ്വം ഏഴ് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. മെയ് 24 ന് ബന്ധുവിന്റെ കല്യാണത്തിന് പോകാൻ വേണ്ടി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടർന്ന് പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

തുടർന്ന് ജില്ലാ പൊലീസ് മോധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ്സ് അന്വേഷിച്ചു വരികയായിരുന്നു. വീടുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ് മോഷണം നടത്തിയതെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞ പൊലീസ് ബന്ധുക്കളേയും അയൽവാസികളേയും നിരീക്ഷിച്ചുവരികയായിരുന്നു. യാതൊരു വരുമാനവുമില്ലാത്ത ശ്യാമ അടുത്തകാലത്തായി ആഢംഭര ജീവിതമാണ് നയിക്കുന്നതെന്ന് പൊലീസിനു മനസ്സിലായി. പുതിയ സ്വർണ്ണാഭരണങ്ങളും, മൊബൈൽ ഫോണും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ശ്യാമയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. 

മോഷണം നടത്തിയ മെയ് 14ന് തന്നെ സ്വർണ്ണാഭരണങ്ങൾ വണ്ടൂരിലുള്ള ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. സുഹൃത്തിനൊപ്പം ഒരുമിച്ചു താമസിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുമായി വണ്ടൂരിലെ ജ്വല്ലറിയിലെത്തി തെളിവെടുപ്പു നടത്തിയ ശേഷം നിലമ്പൂർ കോടതിയിൽ ഹാജരാക്കി. പൂക്കോട്ടും പാടം സ്റ്റേഷനിലെ എസ് ഐ ജയകൃഷ്ണൻ, എസ് സി പി ഒ ജയലക്ഷമി, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസ്സൈനാർ, എൻ പി സുനിൽ, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ്സ് അന്വേഷിച്ചത്.

Follow Us:
Download App:
  • android
  • ios