'അഡ്വാന്‍സ് ആവശ്യപ്പെട്ടതില്‍ പ്രകോപനം': ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം, യുവാക്കള്‍ കസ്റ്റഡിയില്‍
സന്നിധി ലോഡ്ജിലെ ജീവനക്കാരന്‍ രാജനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടി: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയവര്‍ ക്രൂരമായി മര്‍ദിച്ചു. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരന്‍ രാജനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ രാജനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
28-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുറി ചോദിച്ച് യുവാക്കള്‍ ലോഡ്ജിലെത്തിയ സമയത്ത് രാജന്‍ മാത്രമാണ് റിസപ്ഷനിലുണ്ടായിരുന്നത്. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ നാളെ നല്‍കാമെന്നായിരുന്നു മറുപടി. തുകയില്ലാതെ മുറി നല്‍കാനാവില്ലെന്ന് രാജന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു രാജനെന്ന് ലോഡ്ജ് ഉടമ ഗോവിന്ദരാജ് പറഞ്ഞു.
അതിക്രമിച്ചു കയറല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ആദ്യം കേസെടുത്തത്. ഗോവിന്ദരാജിന്റെ മകന്‍ ലോഡ്ജില്‍ എത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏകപക്ഷീയമായ ക്രൂരമര്‍ദനമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. പാനൂര്‍ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചതെന്നും ഇരുവരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന.
അമ്മയെ കൊന്ന മകന്‍ ജീവനൊടുക്കിയ നിലയില്‍
കോട്ടയം: വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന്‍ തൂങ്ങി മരിച്ചു. പനച്ചിക്കാട് സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്. സ്വന്തം ഓട്ടോറിക്ഷയില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുക്കിയ ശേഷം പാലത്തില്‍ നിന്ന് ചാടിയായിരുന്നു ബിജു ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വാകത്താനം ഉദിക്കല്‍ പാലത്തിലായിരുന്നു ബിജുവിന്റെ ആത്മഹത്യ. മൃതദേഹം കണ്ട നാട്ടുകാര്‍ ആദ്യം കൊലപാതകമെന്ന് സംശയിച്ചു. പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അമ്മ സതിയെ കൊന്ന കേസില്‍ ബിജു അറസ്റ്റിലായത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് സതി മരിച്ചത്. പിറ്റേന്ന് സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കളില്‍ ചിലര്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതിലാണ് സതി മരിച്ചത് ബിജുവിന്റെ മര്‍ദനമേറ്റാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബിജുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അടുത്തിടെയാണ് ജാമ്യം കിട്ടി ബിജു പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.