കോട്ടയം: ചീട്ടുകളി സംഘത്തിനെ രക്ഷപ്പെടാൻ സഹായിച്ച കോട്ടയം മണര്‍‍കാട് സിഐയ്ക്ക് സസ്പെൻഷൻ. സിഐയും ചീട്ടുകളി സംഘത്തലവനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തായതിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നടപടി.

മണര്‍കാട് ചീട്ടുകളി സങ്കേതത്തില്‍ നടന്ന റെയ്ഡില്‍ 18 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന 43 പേര്‍ അറസ്റ്റിലായി. മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയുള്ള സങ്കേതത്തിലാണ് ചീട്ട് കളി നടന്നിരുന്നത്. വിവരമുണ്ടായിരുന്നിട്ടും മണര്‍കാട് പൊലീസ് ചീട്ട് കളിക്കാരെ പിടികൂടാൻ തയ്യാറായിരുന്നില്ല. 

ഇന്‍റലിജൻസ് വിവരത്തെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം മണര്‍കാട് പൊലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡ് നടത്തിയത്. മഹസ്സർ തയ്യാറാക്കാൻ വിളിച്ചപ്പോള്‍ മാത്രമാണ് മണര്‍കാട് സിഐയും സംഘവും റെയ്ഡ് വിവരം അറിഞ്ഞത്. ആദ്യം ചീട്ട് കളി സംഘത്തലവനെതിരെ കേസെടുക്കാൻ തയ്യാറായില്ല. വിവാദമായതോടെ കേസെടുത്തു. ഒളിവില്‍ പോയ മുഖ്യപ്രതിയുമായി നടത്തിയ സംഭാഷണവും പുറത്ത് വന്നതോടെ സിഐ രതീഷ്കുമാര്‍ വെട്ടിലായി.

ഫോൺ സംഭാഷണം ഇങ്ങനെ:

സിഐ: ''രാവിലെക്കൂടി നിങ്ങളെ വിളിച്ച് ഞാൻ ധൈര്യത്തിൽ ഞാൻ പറഞ്ഞു, അതുകൊണ്ട് എസ്പി വിളിച്ചപ്പോഴും ഞാൻ പറഞ്ഞത് അവിടെ കളിയില്ല.. എന്ന് പറഞ്ഞിട്ട് ഇവൻ പറയുന്നത് 18 ലക്ഷം എന്നല്ലേ..''

''സാറേ അങ്ങനെയല്ല, സാറിത്രയേ പറഞ്ഞിട്ടുള്ളൂ, എനിക്കിട്ട് എന്തോ പാര വരുന്നുണ്ടെന്ന്. നിങ്ങള് തെറ്റ് ചെയ്തിട്ടില്ലേ, നിങ്ങള് നോക്കി നിന്നോണം എന്ന് മാത്രവേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ സാറൊന്നും പറഞ്ഞില്ല'', എന്ന് പ്രതിയുടെ മറുപടി. 

''മറ്റ് നമ്പറിൽന്നേ ഞാൻ ബന്ധപ്പെടുള്ളൂ'', എന്ന് സിഐ, ''ഓകെ സാറേ'', എന്ന് പ്രതിയുടെ മറുപടിയും.

ഫോൺ സംഭാഷണം ഇങ്ങനെ തുടരുന്നു: 

''നിങ്ങള് ഒരു കാര്യം ചെയ്യണേ, രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിക്കണേ'', എന്ന് സിഐ

''അതെന്തിനാ'', എന്ന് പ്രതി. ''അല്ല, ഞാൻ പറഞ്ഞുതരാം. നാളെയോ മറ്റന്നാളോ നിങ്ങളുടെ പേരിലാണെന്ന് അറിഞ്ഞാൽ പിന്നെ നിങ്ങളെ അറസ്റ്റ് ചെയ്യാൻ വരുമ്പോ പത്രക്കാര് കംപ്ലീറ്റ് വളയും. പിന്നെ കോടതിയിൽ ഒരു മുൻകൂർ ജാമ്യം കൂടി എടുത്തേക്ക്'', എന്ന് സിഐ.

''സാറേ ഞാനെന്ത് തെറ്റ് ചെയ്തിട്ടാ മുൻകൂർ ജാമ്യത്തിന് പോന്നേ? ഇതെന്ത് വർത്താനമാ സാറേ'', എന്ന് പ്രതി. 

അതായത്, പൊലീസ് പിടികൂടാതിരിക്കാൻ ഒളിവില്‍ പോകണമെന്ന് പ്രതിയോട് പറഞ്ഞ സിഐ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കണമെന്നും പറയുന്നത് ഫോണ് സംഭാഷണത്തില്‍ വ്യക്തമാണ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിഐയെ മണര്‍കാട് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. മുഖ്യപ്രതി മാലം സുരേഷ് ഇപ്പോഴും ഒളിവിലാണ്.