ബെംഗളൂരു : ബ്രിഗേഡ് റോഡിലുള്ള ഡ്യുവറ്റ് ബാർ ഉടമയായ, രവി പൂജാര അടക്കമുള്ള അധോലോക സംഘാംഗങ്ങളുമായി ബന്ധമുണ്ട് എന്ന് സംശയിക്കപ്പെട്ടിരുന്ന മനീഷ് ഷെട്ടിയെ ഒക്ടോബർ 15 -ന് രാത്രി ഒമ്പതുമണിയോടെ, സ്വന്തം ബാറിന് മുന്നിൽ വെച്ച് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം  വടിവാളുകൊണ്ട് വെട്ടിയ ശേഷം സിംഗിൾ ബാരൽ ഗൺ ഉപയോഗിച്ച് വെടിവെച്ച് കൊന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

മറ്റ് അധോലോക സംഘങ്ങളുമായുളള വിരോധമാകാം ഈ കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് കരുതുന്നു. ഡിസിപി അനുചെതിന്റെ കീഴിൽ പല സംഘങ്ങളായി തിരിഞ്ഞ് ബെംഗളൂരു പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം തന്നെ, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. 

 പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച സിസിടിവി ഫൂട്ടേജ് പരിശോധിച്ചുറപ്പിച്ച ശേഷം പൊലീസ് പറയുന്നത്, ഒരു ഹോണ്ട ഡിയോ സ്‌കൂട്ടറിലാണ് മൂന്നു യുവാക്കൾ മനീഷിനെ ആക്രമിക്കാൻ വന്നിറങ്ങിയത്. ആദ്യം വടിവാളിന് വെട്ടി വീഴ്ത്തിയ ശേഷമായിരുന്നത്രെ, തോക്കുകൊണ്ട് വെടിവെക്കുന്നത്. ഇടത്തെ ചെവിക്കു കുറുകെയും, തലക്കുമായി മൂന്നു വെട്ടുകൾ ഷ്ട്ടിക്കേറ്റിരുന്നു. ഷെട്ടി മരിച്ചു എന്നുറപ്പിച്ചു ശേഷമാണ് അവർ വന്ന വാഹനത്തിൽ തന്നെ സ്ഥലം വിട്ടത്. 

ആക്രമിക്കാൻ കണക്കാക്കി ആ സ്ഥലത്ത് ഇതേ സംഘം നിരവധി തവണ മുൻകൂട്ടി വന്നു എന്നും, തന്റെ ഫോർച്യൂണർ കാറിൽ മനീഷ് ഷെട്ടി ബാറിന് മുന്നിൽ വന്നിറങ്ങുന്ന സമയം സംഘം ഇങ്ങനെ വന്നു മനസ്സിലാക്കി വെച്ചിരുന്നു എന്നും പൊലീസ് പറയുന്നു. മനീഷിനെ ഇറക്കി ഡ്രൈവർ വാഹനം പാർക്കിങ്ങിൽ ഇടാൻ പോകുന്ന ചുരുങ്ങിയ സമയം കൊണ്ടാണ് ആക്രമണം ഉണ്ടാകുന്നതും, മനീഷ് ഷെട്ടി കൊല്ലപ്പെടുന്നതും. ആക്രമിക്കപ്പെട്ട ഉടനെ തന്നെ അദ്ദേഹത്തെ മല്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിച്ചെടുക്കാനായില്ല. 

ചിക്കമംഗലൂരുവിൽനടുത്തുള്ള കൊപ്പ സ്വദേശിയായ മനീഷ്ഷെട്ടി, അധോലോക സംഘാംഗങ്ങളായ ബന്നാഞ്ഞെ രാജ, രവി പൂജാരി എന്നിവരുടെ അടുത്ത അനുയായി ആണെന്ന് പറയപ്പെടുന്നു. ഈ വർഷം ഫെബ്രുവരിയിൽ വിവിധ കേസുകളിലായി ബെംഗളൂരു പോലീസിന്റെ പിടിയിൽ ആയതാണ് ഷെട്ടി. കൊല്ലപ്പെടുമ്പോൾ നാല്പത്തഞ്ചു വയസ്സായിരുന്നു ഷെട്ടിയുടെ പ്രായം. 

2007 -ൽ നടന്ന ചെമ്മണ്ണൂർ ജ്വല്ലറി കവർച്ചയിൽ എട്ടുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഷെട്ടി, 2015 -ൽ ജയിൽ മോചിതനായി ഡ്യുവറ്റ് ബാർ ലീസിനെടുത്ത് നടത്തുകയായിരുന്നു. ഈ ബാറിൽ ബെംഗളൂരു അധോലോകത്തെ പല കുപ്രസിദ്ധ കുറ്റവാളികളും വന്നുപോകാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നുണ്ട്. 2015 -ൽ ബെൽഗാവിയിൽ നടന്ന ഒരു ബാങ്ക് കവർച്ചയിലും മനീഷ് ഷെട്ടിയുടെ സംഘത്തിന് പങ്കുണ്ടായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

കോസ്റ്റൽ കർണാടകയിലെ അറിയപ്പെടുന്ന ഡോൺ ആയ വിക്കി ഷെട്ടിയുടെ ഒരു അടുത്ത അനുയായിയായ കിഷൻ ഹെഗ്‌ഡെ അടുത്തിടെ മംഗളൂരുവിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി മനീഷ് ഷെട്ടിക്ക് ബന്ധമുണ്ടായിരുന്നു എന്നും, അതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ മനീഷ് ഷെട്ടിയെ കൊലപ്പെടുത്തിയത് എന്ന് സംശയിക്കുന്നുണ്ട് എന്നും ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്തു.