കൊല്ലം: കൊല്ലം അഞ്ചലിനടുത്ത് ഏരൂരില്‍  വ്യാജ വൈദ്യൻ നല്‍കിയ മരുന്ന് കഴിച്ചവര്‍ ചികിത്സതേടി വിവിധ ആശുപത്രികളില്‍. സംഭവത്തില്‍ വ്യാജ വൈദ്യനായ തെലുങ്കാന സ്വദേശി ലക്ഷമൺ രാജ് ഒളിവില്‍. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഏരൂർ പത്തടി ഭാഗത്ത് വീടുകളില്‍ എത്തിയാണ് വ്യാജൻ ചികിത്സ നല്‍കിയത്. മരുന്നിന് അയ്യായിരം രൂപാമുതല്‍ ഇരുപതിനായിരം രൂപ വരെ വാങ്ങിയയിരുന്നു ചികിത്സ. എന്നാല്‍ ഇയാളുടെ മരുന്ന് കഴിച്ചവരൊക്കെ വിവധ ആരോഗ്യ പ്രശ്നങ്ങളുമായി ഇപ്പോള്‍ ആശുപത്രിയിലെത്തിയിരിക്കുകയാണ്. 

ഏരൂർ പത്തടി റഹിം മൺസിലില്‍ നാല് വയസ്സ്കാരൻ മുഹമദ് അലിക്ക് ദേഹത്ത് ഉണ്ടാകുന്ന കരപ്പനാണ് വ്യാജവൈദ്യൻ മുരുന്ന് നല്‍കിയത്. പത്ത് ദിവസം മരുന്ന് കഴിച്ചു. ഇതോടെ കുട്ടിക്ക് പനിയും തളർച്ചയും ഒപ്പം  ദേഹമാസകലം ചോറിഞ്ഞ് തടിക്കുകയും ചെയ്തു. അവശനിലയിലായ കുട്ടിയെ തിരുവനന്തപുരത്തെ ശിശുരോഗ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഴിച്ചത് വ്യാജ മരുന്നാണന്ന് ബന്ധുക്കള്‍ മനസ്സിലാക്കിയത്. 

മരുന്നിന്‍റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഗുളികകളില്‍ അളവില്‍ കൂടുതല്‍ മെർക്കുറി അടങ്ങിയതായി കണ്ടെത്തി. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. വ്യാജന്‍റെ മരുന്ന കഴിച്ച പലരുടെയും അവസ്ഥ ഇതാണ്.
വാതം, പനി ഉദരരോഗങ്ങള്‍ എന്നിവക്ക് നൂറിലധികം പേരാണ് വ്യാജന്‍റെ ചികിത്സ തേടിയത്. മരുന്ന് കഴിച്ചവർക്ക് കടുത്ത രോഗങ്ങള്‍ക്ക് സാധ്യത ഉണ്ടന്നാണ്  ഡോക്ടർമാർ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ വൈദ്യൻ ഒളിവില്‍പോയിരിക്കുകയാണ്.