ലാത്തേഹാര്‍: ഗ്രാമീണനെ വധിച്ച മാവോയിസ്റ്റിനെ  ഗ്രാമീണന്റെ ബന്ധുക്കളും നാട്ടുകാരും കൊലപ്പെടുത്തി. ആക്രമണത്തില്‍ മാവോയിസ്റ്റിന്റെ ഭാര്യയും കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കുന്ദില്‍പുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബിനോജ് സിങ് എന്ന ഗ്രാമീണനാണ്് ആദ്യം കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരുടെ ആക്രമണത്തില്‍ മാവോയിസ്റ്റ് പ്രകാശ് ഭോക്ത(പ്രകാശ് സിങ്), അദ്ദേഹത്തിന്റെ ഭാര്യ പ്രേംമ്‌നി ദേവി എന്നിവരും കൊല്ലപ്പെട്ടു. എല്ലാവരും കുന്ദില്‍പുര്‍ സ്വദേശികളാണ്.

മാവോയിസ്റ്റായ പ്രകാശ് പുതുവര്‍ഷ ആഘോഷത്തിനാണ് വീട്ടിലെത്തിയത്. രാത്രിയില്‍ പ്രകാശും ബിനോദും മദ്യപിക്കുന്നതിനിടെ പ്രശ്‌നമുണ്ടായി. തുടര്‍ന്ന് പ്രകാശ് സിങ്ങിന്റെ വെടിയേറ്റ് നാട്ടുകാരനായ ബിനോദ് സിങ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ബിനോദ് സിങ്ങിന്റെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും പ്രകാശ് സിങ്ങിനെയും ഭാര്യയെയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലയമായി ഇരുവരും തമ്മില്‍ ശത്രുതയുണ്ടായിരുന്നുവെന്നും പാലമു എസ്പി സഞ്ജീവ് കുമാര്‍ പറയുന്നു.