കോഴിക്കോട്: ട്രെയിൻ മാര‍്ഗ്ഗം ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് 50 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ കോഴിക്കോട് പിടിയിലായി. വെസ്റ്റ് ഗോതാവരി സ്വദേശി ഗുണ സുബ്ബറാവുവാണ് പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിതരണക്കാരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിൻ വഴി കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി റെയില്‍വെ പോലീസ് പരിശോധനയിലാണ്. ഇതിനിടെയാണ് ഉച്ചയോടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും വെസ്റ്റ് ഗോതാവരി സ്വദേശി ഗുണ സുബ്ബറാവു പിടിയിലാകുന്നത്. 10 കിലോ വീതമുള്ള അഞ്ചു പാക്കുകളായി സൂക്ഷിച്ച കഞ്ചാവ് വിജയവാഡയിൽ നിന്നും കോണ്ടുവന്നതാണെന്ന് ഇയാള്‍ മൊഴി നൽകി.

എന്നാൽ ഇയാൾ ഇടനിലക്കാരൻ മാത്രമാണെന്ന്  പോലീസ് പറഞ്ഞു. മുമ്പും കഞ്ചാവ് കോഴിക്കോട്ടെത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ പോലിസിനെ അറിയിച്ചു. കോഴിക്കോട്ടെ രണ്ട് കഞ്ചാവ് വിതരണക്കാരുടെ ഫോണ്‍നമ്പറും ഇയാളില്‍ നിന്നും പോലീസിന് ലഭിച്ചു.