കൂമ്പന്‍പ്പാറ, ഓടയ്ക്കാ സിറ്റി, മാങ്കട് ഭാഗങ്ങളിലാണ് ഇയാള്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് വിതരണം ചെയ്ത് പോകുന്നത്. 

കൂമ്പന്‍പ്പാറ: ബൈക്കില്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് കൈമാറി, അതേ വേഗതയില്‍ തിരിച്ച് പോയിരുന്ന യുവാവിനെ ഒടുവില്‍ നാര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് സംഘം പിടികൂടി. കൂമ്പന്‍പ്പാറ, ഓടയ്ക്കാ സിറ്റി, മാങ്കട് ഭാഗങ്ങളിലാണ് ഇയാള്‍ മിന്നല്‍ വേഗത്തില്‍ വന്ന് കഞ്ചാവ് വിതരണം ചെയ്ത് പോകുന്നത്. നിരവധി തവണ പരാതി ലഭിച്ചെങ്കിലും യുവാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വലവിരിച്ച് കാത്തിരുന്ന നര്‍ക്കോട്ടിക് എന്‍ഫോഴ്‌മെന്‍റെ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി ഓടയ്ക്കാ സിറ്റിയില്‍ നെല്ലിക്കാ പറമ്പില്‍ വീട്ടില്‍ അപ്പുക്കുട്ടനെയാണ് സ്‌കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഇ ഷൈബുവിന്‍റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പക്കല്‍ നിന്നും 1.102 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇടനിലക്കാരുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കുറച്ച് മാസങ്ങളാണ് ബൈക്കില്‍ കഞ്ചാവടക്കമുള്ള ലഹരി ഉല്പന്നങ്ങള്‍ മേഖലയില്‍ എത്തുന്നതായി അധിക്യതര്‍ വിവരം ലഭിച്ചിരുന്നു. പരിശോധനകള്‍ കര്‍ശനമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പുക്കുട്ടന് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് സംബന്ധിച്ചുള്ള അന്വേഷണം അധിക്യതര്‍ ആരംഭിച്ചു. പ്രിവന്‍റീവ് ഓഫീസര്‍മാരായ അനില്‍ എം സി , വിനേഷ് സി.എസ് , അസീസ് കെ.എസ്, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ സുധീര്‍ വി.ആര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നെല്‍സന്‍ മാത്യു, സിജു മോന്‍ കെ.എന്‍, എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂടുതല്‍ വായനയ്ക്ക്:  'പൊല്ലാപ്പാകില്ല, രഹസ്യമായിരിക്കും'; മയക്കുമരുന്ന് സംഘത്തെക്കുറിച്ച് 'പോല്‍ ആപ്പി'ലൂടെ വിവരം നല്‍കാം

മിന്നല്‍ റെയ്ഡ്; കോഴിക്കോട് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു. പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിമിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്. എസ്.ഐ ഗ്ലാഡിന് എഡ്വേർഡിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്‍റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ 'യോദ്ധാവിന്‍റെ' ഭാഗമായാണ് റെയ്ഡ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.