Asianet News MalayalamAsianet News Malayalam

മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ ആദ്യ ഭാര്യമാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ മൂന്നാം വിവാഹത്തിന് എത്തിയത്. 

marriage fraud caught by former wifes in kollam
Author
Kollam, First Published Mar 17, 2020, 10:40 AM IST

അഞ്ചാലുംമൂട്: മൂന്നാംവിവാഹത്തിന് തൊട്ട് മുന്‍പ് യുവാവിനെ ആദ്യ ഭാര്യമാർ വധുഗൃഹത്തില്‍ നിന്നും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ് ഞായറാഴ്ച രാത്രി കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് 38 വയസുണ്ട്.

രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ മൂന്നാം വിവാഹത്തിന് എത്തിയത്. കോട്ടയം സ്വദേശിയായ അനിൽകുമാര്‍ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് പറയുന്നത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.

ആദ്യ വിവാഹം മറച്ചു വച്ചായിരുന്നു രണ്ടാം വിവാഹം. നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടർന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു.

ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്.പി ഓഫിസിൽ പരാതി നൽകി. എസ്പിയുടെ നിർദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാർ ചേർന്നു അനിൽകുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. പ്രതിയെ ഇന്നലെ വൈകിട്ടോടെ അഞ്ചൽ പൊലീസിനു കൈമാറി.
 

Follow Us:
Download App:
  • android
  • ios