ബാര്‍മര്‍: വിവാഹിതയായ 21കാരിയെയും കാമുകനെയും വെടിവച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ഇരുവരുടെയും സന്ദേശം സംഭവസ്ഥലത്ത്‌ നിന്ന്‌ ലഭിച്ചതായി പൊലീസ്‌ അറിയിച്ചു.

രാജസ്ഥാനിലെ ബാര്‍മറിലുള്ള ശ്‌മശാനത്തിന്‌ സമീപമാണ്‌ അഞ്‌ജു സത്താര്‍, ശങ്കര്‍ ചൗധരി എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്‌. സമീപത്ത്‌ നിന്ന്‌ രണ്ട്‌ നാടന്‍ തോക്കുകളും ലഭിച്ചു. ഇതുപയോഗിച്ച്‌ ഇരുവരും സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ്‌ പൊലീസിന്റെ പ്രാഥമികനിഗമനം. അവരുടെ ഫോണില്‍ നിന്ന്‌ ലഭിച്ച സന്ദേശത്തിലാണ്‌ പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ഓഡിയോ സന്ദേശം ലഭിച്ചതെന്നും പൊലീസ്‌ അറിയിച്ചു.

21കാരനായ ശങ്കറുമായി അഞ്‌ജു ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും കുറച്ചു മാസങ്ങള്‍ക്ക്‌ മുമ്പ്‌ മറ്റൊരാളുമായി അഞ്‌ജുവിന്റെ വിവാഹം നടത്തുകയും ചെയ്‌തിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമേ ആത്മഹത്യയാണോ എന്ന്‌ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ്‌ പറഞ്ഞു.