പത്തനംതിട്ട: പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമനിട്ടയിൽ നിന്ന് പിടിയിലായത്. ഒൻപതും പതിമൂന്നും വയസുള്ള ആൺകുട്ടികളോടായിരുന്നു അമ്മയുടെ ക്രൂരത. കഴിഞ്ഞ പതിനാലാം തിയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന. 

പക്ഷെ ബന്ധു വീടിന് സമീപത്തെ റോഡിൽ ബീന മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം കടന്നു കളഞ്ഞു. തുടർന്ന് രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളിൽ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. 

സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളിൽ പ്രതിയുമാണ്.