മാവേലിക്കര: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ തീക്കൊളുത്തി കൊന്ന സംഭവത്തിൽ പ്രതി അജാസ് വന്നത് സൗമ്യയുടെ മരണം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ തന്നെ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് അജാസ് സൗമ്യയുടെ വീടിന് സമീപം എത്തുന്നത്. ഉച്ചക്ക് ശേഷം പിഎസ് സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങവെയാണ് ദാരുണമായ സംഭവം നടന്നത്. 

സൗമ്യ വീട്ടിലെത്തി തിരിച്ചിറങ്ങും വരെ അജാസ് വീടിന് സമീപം കാത്ത് നിന്നു. സ്കൂട്ടറുമായി സൗമ്യ പുറത്ത് ഇറങ്ങിയ ഉടനെ കാറിടിപ്പിച്ച് വീഴ്ത്തിയ അജാസ് കയറിപ്പിടിക്കാൻ ശ്രമിച്ചു. കയ്യിലിരുന്ന കൊടുവാൾ കൊണ്ട് വെട്ടി. പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. പിന്നാലെ എത്തിയ അജാസ് വീണ്ടും കഴുത്തിൽ വെട്ടിയ ശേഷമാണ് പെട്രോളൊഴിച്ചത്. പിന്നീട് കയ്യിലിരുന്ന ലൈറ്ററെടുത്ത് തീ കൊളുത്തുകയായിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയവര്‍ കണ്ടത് തീഗോളമായി നിന്ന് കത്തുന്ന സൗമ്യയെ ആണ്. ഒരാളെ കത്തിച്ചിട്ടിരിക്കുന്നു മറ്റൊരാൾക്ക് പൊള്ളലേറ്റിട്ടുണ്ട് എന്ന് കേട്ടാണ് സംഭവ സ്ഥലത്തേക്ക് ഓടി എത്തുന്നതെന്ന് ദൃസാക്ഷികളിലൊരാൾ പറഞ്ഞു. ഇവരെല്ലാം ചേര്‍ന്നാണ് അജാസിനെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിച്ചത്. മകൾ എന്‍റെ എല്ലാമായിരുന്നു എന്ന് വിതുമ്പി  കരയുകയാണ് സൗമ്യയുടെ അച്ഛൻ. സംഭവത്തിന്‍റെ ഞെട്ടൽ നാട്ടുകാരെയും വിട്ടുമാറിയിട്ടില്ല. 

സൗമ്യയും അജാസും സൗഹൃദത്തിലായിരുന്നു എന്ന വിവരം പൊലീസിനുണ്ട്. പിന്നിട് കഹത്തിലും കൊലപാതകത്തിലും കലാശിച്ചതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത ഇനിയും ആയിട്ടില്ല. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയിലുള്ള അജാസിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷമെ ചോദ്യം ചെയ്യാനാകു. എന്നാൽ അജാസിന്‍റെയും സൗമ്യയുടേയും ഫോൺ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

read also:സൗമ്യയുടെ അരുംകൊലയ്ക്ക് പിന്നിൽ അജാസിന്‍റെ വ്യക്തി വൈരാഗ്യം, കൂടുതൽ പേരെ ചോദ്യം ചെയ്യും

അതിനിടെ സൗമ്യയെ അജാസ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് കേട്ടിട്ടുണ്ടെന്ന് മകൻ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും സൗമ്യയുടെ മകൻ പറയുന്നുണ്ട്. 

read also: മാവേലിക്കരയിൽ പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകൻ