ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ തന്നെ മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ജയമോഹന്‍ തമ്പി പറഞ്ഞു. 

കൊല്ലം: രാമന്‍കുളങ്ങരയില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. ഇടിവി ഭാരതിന്‍റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ തന്നെ മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ജയമോഹന്‍ തമ്പി പറഞ്ഞു. നഗരത്തിലെ വ്യവസായിക്കെതിരെ വാര്‍ത്ത നല്‍കുമോ എന്നു ചോദിച്ച ശേഷം വടിവാള്‍ കൊണ്ടു വെട്ടുകയും ചവിട്ടി നിലത്തിടുകയുമായിരുന്നെന്ന് തമ്പി പറയുന്നു. 

ബഹളം കേട്ട് വീട്ടിലെ വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് എത്തിയതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നും ജയമോഹന്‍ തമ്പി പൊലീസിന് മൊഴി നല്‍കി. മൂന്നു പേരും മുഖം മറച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 

ശക്തികുളങ്ങര കേന്ദ്രീകരിച്ച് മുമ്പ് നടന്ന ക്വട്ടേഷന്‍ ആക്രമണത്തെ പറ്റി വാര്‍ത്ത നല്‍കിയതിനു ശേഷം തനിക്ക് ഫോണില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നെന്ന് ജയമോഹന്‍ തമ്പി പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയാവാം ഇന്നലെയുണ്ടായ ആക്രമണമെന്നാണ് സംശയം. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്ന് ശക്തികുളങ്ങര പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona