ലഖ്നൌ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തിയതായി പരാതി. ഇത് സംബന്ധിച്ച വീഡിയോ വിവിധ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലശ്കർ ഇന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.

മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും പ്രവീൺ കുമാർ കുടുംബത്തോട് പറഞ്ഞു. മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയാണ്.

പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച  ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിക്ക് കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയതായി അറിയിച്ചു. പെൺകുട്ടിയുടെ ശവസംസ്‌കാരം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളോട് ജില്ലാ മജിസ്‌ട്രേറ്റ്  പ്രതികരിച്ചു.

ശവസംസ്കാരം  നടത്തിയ ആളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ മജിസ്‌ട്രേറ്റ്, ശവസംസ്‌കാരം നടത്തുമ്പോൾ പ്രദേശത്തെ സ്ത്രീകളും പെൺകുട്ടിയുടെ സഹോദരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പറഞ്ഞു.

അതേ സമയം ഹത്രാസില്‍ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കാൻ ഒന്നുമില്ലെന്നാണ് പൊലീസ് വാദം. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ല. 

അതിനാൽ ബലാത്സംഗം നടന്നിട്ടില്ല എന്ന് വിധിയെഴുതുകയാണ് പൊലീസ്. ഒപ്പം, സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതോടെ, നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് ഈ കേസ് വഴിതിരിയുകയാണ്.