ഫോണിലെ ഫോട്ടോകള്‍ കണ്ട പ്രജാപതി ഇത് സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. മകനും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് തന്‍റെ രഹസ്യചിത്രങ്ങള്‍ പുറത്തായ വിവരം യുവതി അറിയുന്നത്.

മീററ്റ്: സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു വിറ്റുപോയ പഴയ ഫോണിനാല്‍ സംഭവിച്ചത്. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന സംഭവത്തില്‍ കൊലപാതകവും സംഘട്ടനവും വെടിവെയ്പും അക്രമവും ഒക്കെ ഈ നടന്നിട്ടുണ്ട് മൊബൈലിന്‍റെ പേരില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷമായി ജീവിച്ചിരുന്ന ഒരു 35 കാരി അഞ്ചു വയസ്സുകാരന്‍ മകനെയുമെടുത്തു കൊണ്ട് അളകനന്ദ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതോടെയാണ് സംഭവങ്ങളുടെ ആരംഭം. 

മുസാഫര്‍നഗറിലെ ഗംഗന്‍ഹര്‍ കനാലിലേക്കായിരുന്നു യുവതി ചാടിയത്. മകനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം അവര്‍ നദിയിലേക്ക് ചാടും മുമ്പ് വിളിച്ച ഫോണ്‍വിളിയിലേക്കാണ് എത്തിയത്. ഫോണ്‍വിളിച്ചത് ഭര്‍ത്താവിനെയായിരുന്നു. ഇതിലൂടെയാണ് മരണമടഞ്ഞ സ്ത്രീയെക്കുറിച്ച് വിവരം കിട്ടിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ എന്നയാളുമായി പ്രണയത്തില്‍ ആയിരുന്നെന്നു കണ്ടെത്തി. കാമുകനുമായി ഒത്തുചേര്‍ന്നിരുന്ന ചില മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി കണ്ടെത്തി. അത് പ്രചരിപ്പിച്ചത് അനൂജ് പ്രജാപതി എന്നയാളായിരുന്നു. കാമുകിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മറന്നുപോയ ശുഭംകുമാര്‍ അതോടു കൂടിയാണ് തന്റെ പഴയ ഫോണ്‍ അനൂജ് പ്രജാപതിക്ക് വിറ്റത്.

ഫോണിലെ ഫോട്ടോകള്‍ കണ്ട പ്രജാപതി ഇത് സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. മകനും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് തന്‍റെ രഹസ്യചിത്രങ്ങള്‍ പുറത്തായ വിവരം യുവതി അറിയുന്നത്. സംഭവത്തെ കുറിച്ച് യുവതി ശുഭംകുമാറിനോട് ആരാഞ്ഞു. അപ്പോഴാണ് ചിത്രങ്ങള്‍ പുറത്തായ വിവരം ഇയാളും അറിയുന്നത്. തുടര്‍ന്ന് ശുഭംകുമാര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രജാപതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൃത്യം നടത്തുകയും ചെയ്തു. 

ഇതിനിടയില്‍ രണ്ടു ബൈക്കുകളില്‍ സഞ്ചരിച്ച പ്രതികള്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി കുടുങ്ങി. വാഹനം നിര്‍ത്താതെ പോയ പ്രതികള്‍ വെടിവെയ്ക്കുകയും പൊലീസ് തിരിച്ച് വെടിവെക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ രണ്ട് പ്രതികളുടെ കാലിന് വെടിയേറ്റിട്ടുണ്ട്. പ്രജാപതിയുടെ കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈലും സിസിടിവിയും പിന്നീട് ഈ പ്രതികളിലേക്ക് പൊലീസിനെ എത്തിക്കുകയും ചെയ്തു. 

പഴയബന്ധത്തിലെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും കൊലപാതകത്തിലേക്ക് തന്‍റെ പേരും വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതോടെ യുവതി മകനെയും കൂട്ടി നദിയില്‍ ചാടുകയായിരുന്നു. ആത്മഹത്യയ്ക്ക് മുന്‍പ് ഒരു ബൂത്തുടമയുടെ ഫോണില്‍ നിന്ന് യുവതി അവസാനമായി ഭര്‍ത്താവിന് ഫോണ്‍ ​ ചെയ്തിരുന്നു. 

യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തി യുവതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഫോണ്‍ വില്‍പ്പനയുടെ ചുരുളഴിയുകയും ചെയ്തതോടെ ആത്മഹത്യയും കൊലപാതകവും തമ്മില്‍ ബന്ധിപ്പിക്കാന്‍ പോലീസിന് എളുപ്പം കഴിഞ്ഞു. പ്രതികളെ പിന്നീട് പോലീസ് അതിസാഹസികമായി കീഴടക്കുകയായിരുന്നു.