ദില്ലി: ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളുടെ കൈകള്‍ കയറുകൊണ്ട് കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം. ജാര്‍ഖണ്ഡിലെ ദുംക ഗ്രാമത്തിലാണ്  സംഭവം. മര്‍ദ്ദനമേറ്റ രണ്ടുപേരിലൊരാള്‍ കൊല്ലപ്പെട്ടു. മറ്റേയാള്‍ അതീവഗുരുതരാവസ്ഥയിലാണ്.

26 കാരനായ സുഭന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. 22 കാരനായ ദുലല്‍ മിര്‍ധ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊവിഡ് 19 കാരണം ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനിടെയാണ് ഇത്തരമൊരു ക്രൂരമായ സംഭവം നടന്നിരിക്കുന്നത്. 

ആക്രമണം നടത്തിയ ഗ്രാമവാസികള്‍ക്കെതിരെ കേസെടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ അംബര്‍ ലക്ഡ പറഞ്ഞു. കാതികുണ്ട് എന്ന ഗ്രാമത്തില്‍ നിന്ന ഇവര്‍ ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. 

മോഷണം നടത്തുന്നത് കണ്ടുവെന്ന് ചിലര്‍ അവകാശപ്പെടുകയും കുറച്ചുപേര്‍ ചേര്‍ന്ന് ഇവരെ മോഷ്ടാക്കള്‍ എന്ന് വിളിച്ച് വളയുകയുമായിരുന്നു. ആള്‍ക്കൂട്ടം ഇവരെ കെട്ടിവലിച്ച് ഗ്രാത്തിലെത്തിച്ച് അവിടെ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. 

പൊലീസ് സംഭവസ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാരിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ അക്രമികള്‍ക്ക് പുറമെ മോഷണക്കുറ്റത്തിന് ആക്രമിക്കപ്പെട്ടവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.