ജയ്പൂര്‍: രാജസ്ഥാനിലെ മനോഹര്‍പൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് സഹോദരനും സുഹൃത്തുക്കളും  ചേര്‍ന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു.

മെയ് 17നാണ് പീഡനം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് മെയ് 18ന്  മനോഹര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ സംഘത്തിനൊപ്പം സഹോദരനും കൂടിയിരുന്നു.  

ഒടുവില്‍ പൊലീസ് അന്വേഷണത്തിലാണ് വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പച്ച സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും 19-21 വയസിനിടയിലുള്ളവരാണ്.