നെടുങ്കണ്ടത്തിനു  സമീപം  കൈലാസപ്പാറ മെട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.  

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ മെട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടില്‍ ചന്ദ്രനാണ് മരിച്ചത്. ഇയാളുടെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്.

ദേഹത്ത് പലയിടത്തും പരിക്കുകൾ ഉള്ളതിനാൽ സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. മദ്യപിച്ച ശേഷം, നടന്ന് വരുന്ന വഴി കാല്‍വഴി വീണതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Read more: വാഹനാപകടം എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു; കൊലപാതകം തെളിഞ്ഞു, അറസ്റ്റ്

അതേസമയം, മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ വിദ്യാർത്ഥിയെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നജാത്ത് ഇസ്ലാമിക്‌ സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്. ഹോസ്റ്റലിനു സമീപത്തെ കിണറിൽ ആണ് നാദിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പോകുന്നതിനിടെ രാത്രി അബദ്ധത്തിൽ കിണറ്റിൽ കാൽ തെന്നി വീണത് ആകാമെന്നാണ് സംശയം. 

 പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മീഞ്ചന്തയില്‍ നിന്നും അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്.