ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതായി നിക്ഷേപകരുടെ പരാതി. തൃശൂര്‍ ജില്ലയില്‍ മാത്രം കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതായി നിക്ഷേപകരുടെ പരാതി. തൃശൂര്‍ ജില്ലയില്‍ മാത്രം കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം. പണം നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിനകം ഓണ്‍ലൈന്‍ ട്രേഡിങ് മുഖേന പണം കൊയ്യാമെന്നായിരുന്നു വാഗ്ദാനം. റിസര്‍വ് ബാങ്കിൻറെ അനുമതി ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.തൃശൂരില്‍ എസ് ജെ അസോസിയേറ്റ്സ് എന്ന് പേരില്‍ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘത്തിൻറെ പ്രവര്‍ത്തനം.
ഏജൻറുമാരുടെ വാക്ക് വിശ്വസിച്ച് നിരവധി പേര്‍ പണം നിക്ഷേപിച്ചു. പല പേരുകളിലായിരുന്നു കമ്പനി നടത്തിപ്പ്. നിക്ഷേപകരുടെ സംഗമവും നടത്തിയിരുന്നു. ആദ്യം, കൃത്യമായി ചിലര്‍ക്ക് തുക കിട്ടി. പിന്നീട് മെല്ലെ മെല്ലെ പണം കിട്ടുന്നത് കുറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. പരാതികള്‍ കൂടിയതോടെ സംഘം തൃശൂരിലെ ഓഫീസ് അടച്ചു പൂട്ടി.
തൃശൂര്‍ ജില്ലയില്‍ മാത്രം രണ്ടായിരം കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിവിധ സ്റ്റേഷനുകളില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് രണ്ടു പേര്‍ മാത്രം. ബാക്കിയുള്ള ഡയറക്ടര്‍മാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, പ്രതികള്‍ പലരും നാട്ടില്‍ ചുറ്റിക്കറങ്ങുന്നുമുണ്ടെന്ന് പരാതിക്കാര് പറയുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേസംഘം നിലവില്‍ തമിഴ്നാട്ടിലും സമാനമ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് നിക്ഷേപകർ പറയുന്നു. കേസ് ക്രൈംബ്രാഞ്ച് ഉടനെ ഏറ്റെടുത്തില്ലെങ്കില്‍ നീതി കിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
