ജയ്പൂര്‍: രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

അജ്മീറിലെ സനാന ആശുപത്രിയിൽ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള മൂന്ന് പേരാണ് പെണ്‍കുട്ടിയെ സഹോദരനൊപ്പം പലതവണ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറച്ചുവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.