വേങ്ങര: പീഡന പരാതിയിൽ മാതൃ സഹോദരനെതിരെ പോക്സോ കേസിൽ വിചാരണ തുടരുന്നതിനിടെ പെൺകുട്ടി മൊഴിമാറ്റി. അമ്മാവനല്ല, മറിച്ച് അച്ഛനാണ് പ്രതിയെന്നാണ് കഴിഞ്ഞ ദിവസം പെൺകുട്ടി പറഞ്ഞത്. ഇതോടെ അച്ഛനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തു.

പാലക്കാട് ജില്ലക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ രണ്ട് വർഷം മുൻപാണ് മാതൃ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെൺകുട്ടി ബന്ധുവിനോട് അഛനാണ് പീഡിപ്പിച്ചതെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മാതൃസഹോദരനെതിരെ മൊഴി നൽകിയതെന്നും പറഞ്ഞു. ഇതേ മൊഴി പിന്നീട് ചൈൽഡ് ലൈനും നൽകിയതോടെയാണ് കേസിൽ വഴിത്തിരിവായത്.

പ്രതിയായ അച്ഛൻ ആറു തവണ വിവാഹം ചെയ്തതായി പെൺകുട്ടിയുടെ ബന്ധു പറയുന്നു. പെൺകുട്ടിയെ വിൽക്കാൻ ശ്രമം നടത്തിയതായും സംശയമുണ്ട്. ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയ പെൺകുട്ടിയിപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ മഞ്ചേരി കേന്ദ്രത്തിൽ കഴിയുകയാണ്.