ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 13കാരിയുടെ മൃതദേഹം കണ്ടെത്തിയത് കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നുവെന്ന പിതാവിന്റെ ആരോപണം നിഷേധിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടം ബലാത്സംഗം നടന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ കണ്ണുകളും നാക്കും ഛേദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

''കുട്ടിയുടെ നാക്ക് പിഴുതെടുത്തതായോ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കണ്ണില്‍ പോറലുകളുണ്ട്. ഇത് കരിമ്പിന്റെ ഇലകൊണ്ട് മുറിഞ്ഞതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു'' ലഖിംപൂര്‍ ഖേരി എസ്പി സതേന്ദ്ര കുമാര്‍ പറഞ്ഞു. 

ബലാത്സംഗത്തിനുശേഷം ശ്വാസംമുട്ടിച്ചുകൊന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ഡെപ്യുട്ടി സുപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് പ്രതാപ് പറഞ്ഞു.  സംഭവത്തില്‍ അപലപിച്ച ബിഎസ്പി നേതാവ് മായാവതി ഭരണപക്ഷമായ ബിജെപി ട്വിറ്ററിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഭവത്തില്‍സ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ബിജെപി സര്‍ക്കാരിന് കീഴില്‍ ദളിതുകള്‍ക്കതിരായ അതിക്രമം ഏറിവരികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

അറസ്റ്റിലായ പ്രതിയുടെ കരിമ്പ് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കരിമ്പ് പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഹാപ്പുരില്‍ ആറുവയസ്സുകാരിയും ബലാത്സംഗത്തിനിരയായിരുന്നു.