പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന, പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മണ്ണമ്പറ്റ സ്വദേശി സത്യകുമാറാണ് അറസ്റ്റിലായത്. ഇയാളെ പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് മണ്ണാർക്കാട് സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായത്. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീടിനുളളിൽ വച്ച് സത്യകുമാർ പീഡിപ്പിക്കുകയായിരുന്നു. അപരിചിതൻ വീട്ടിലേക്ക് കയറുന്നതുകണ്ട അയൽവാസികളാണ് പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. 

തുടർന്ന് പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മണ്ണാർക്കാട് പൊലീസിലേൽപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് സംസാര ശേഷിയും കുറവാണ്. സത്യകുമാറിനെതിരെ പോക്സോ, ബലാൽസംഗം, അതിക്രമിച്ച് കയറൽ, എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മണ്ണാർക്കാട് പൊലീസ് അറിയിച്ചു.